Labels

Sunday 16 May 2021

എന്‍റെ വിദ്യാലയം -ഒളപ്പ മണ്ണ...

 

എന്‍റെ വിദ്യാലയം - ഒളപ്പമണ്ണ

തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്‍റെ വിദ്യാലയം!
ഇന്നലെക്കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിന വാന-
മിന്നതാ, ചിരിക്കുന്നു
പാലൊളി ചിതറുന്നു.,
'മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരി വിരിയാറു'-
ണ്ടച്ചെറു പൂന്തോപ്പിലെ-
പ്പനിനീരുരയ്ക്കുന്നു.,
മധുവിന്‍ മത്താല്‍പ്പാറി
മൂളുന്നു മധുപങ്ങള്‍:
'മധുരമിജ്ജീവിതം,
ചെറുതാണെന്നാകിലും'
ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!

Friday 11 December 2020

ചിത

 ചിത ....

*******


നാം നമ്മില്‍ കൊരുത്തെടുത്ത ജീവിത സ്വപ്നങ്ങളത്രയും ഇഴപൊട്ടി പൊയ്പ്പോയിടുമ്പോഴും 

ഒരു പിന്‍ വിളിക്കായ് ഞാന്‍ കാതോര്‍ത്ത് നില്‍പ്പു ..


കാലമിനിയും കനലുകളായ് ജ്വലിക്കുമെങ്കിലും ഓര്‍മ്മകള്‍ക്ക്  മീതെ പറക്കുവാന്‍

മനസ്സിന്നു ചിറകുകളായിരമല്ലോ...


വിടരാതെ പോയ 

പത്മത്തെ നോക്കി  പുലര്‍കാല സൂര്യന്‍റെ ഗദ്ഗദം പോലെ ലക്ഷ്യത്തിലെത്താതെ-

യിടറി വീഴുമീ ജീവിത നൗകയില്‍

അണിയത്തേകനായ് നില്‍പ്പൂ.... 


കാറ്റില്‍ താരാട്ട്  മൂളും 

മുളം തണ്ടിന്‍ രാഗം ശോകാര്‍ദ്രമാകുന്നുവോ..


ഇഴപൊട്ടിയകലുന്ന ഹൃദയബന്ധങ്ങളെ കണ്ട് 

കാറ്റിന്‍റെ താരാട്ടിലും 

താഴേക്കിടറി വീഴുന്നിലകള്‍....


തിരികെ വരണമെന്നു-മോഹിക്കുമെങ്കിലും

പരസ്പരം തോറ്റു കൊടുക്കുവാന്‍ മടിച്ചു നില്‍ക്കേ ..  

ഇഴപൊട്ടി പൊട്ടിയകന്നു.. ജീവിത താള ക്രമങ്ങള്‍....


സ്നേഹിക്ക നാം നമ്മില്‍,  നോവിച്ചിടാത്തൊരു കാലമത്രയും ...

വാക്കുകള്‍ മൂര്‍ച്ചയേറും ഈര്‍ച്ചവാളാകവേ 

പരസ്പരം കുത്തി മരിക്കും- മരിക്കുവോളും 

പിരിയില്ലെന്നു പറഞ്ഞു പ്രണയാര്‍ദ്രമാം

ഹൃദയങ്ങള്‍  ....


വാക്കിലും നോക്കിലും 

കാണുവാന്‍ കഴിയാത്ത ഹൃദയത്തിന്‍ നെരിപ്പോടുകള്‍ നീറിപ്പുകഞ്ഞുപ്പുകഞ്ഞു കത്തവേ ....

അവസാനചിത്രവും ചിതയിലേക്കെടുത്തു....


മണി അയ്യംപുഴ

Saturday 28 November 2020

കുയില്‍ പാടും പുലര്‍കാലം

 കുയില്‍  പാടും പുലര്‍കാലം 

********


പുലരികള്‍, തൂമഞ്ഞ് തുകുന്ന 

വൃശ്ചിക പുലരിയില്‍

തണുത്ത് വിറച്ചു 

വിറയാര്‍ന്ന കാലത്തും 

പാടുന്ന പൂങ്കുയിലേ...


ഉറക്കത്തില്‍ നിന്നു

-ഷസ്സിലേക്കുണരുന്ന

 മാത്രയില്‍

കേട്ടു ഞാന്‍ നിന്‍  കള കൂജനം....


നാട്ടിടവഴിയോര,കാഴ്ചകള്‍

 കണ്ടു നീ  

ആഹ്ലാദ ചിത്തയായ് പാടുന്ന

 പാട്ടുകള്‍

എത്ര സുന്ദരം ..


മലനിരകള്‍ക്ക് മുകളിലര്‍ക്കന്‍റെ 

തലകാണും മാത്രയില്‍ 

നീ പാടിപ്പറന്ന് 

എങ്ങോ പോയിടുന്നു...


കുയില്‍പാടും പാട്ടുകള്‍

 കേള്‍ക്കുന്ന പുലര്‍കാലം

മനുജന്‍റെ ഹൃത്തില്‍ 

 എത്രയോ സുന്ദരം ...


പാടിപ്പതിഞ്ഞ രാഗങ്ങളോ 

 മൂളിത്തഴക്കം വന്ന വരികളോ 

ഏതെന്നോ എന്തെന്നോ

 അറിയില്ലായെങ്കിലും

 അറിയാത്തൊരിഷ്ടമല്ലോ

 നീ പാടും പാട്ടുകളോടെന്നും...


മണി അയ്യംപുഴ

Thursday 20 August 2020

സ്നേഹിത

സ്നേഹിത...

പുഞ്ചിരിപ്പൂവുകള്‍ വിടരുന്നുവോ...
സൗഹൃദ തീരങ്ങളില്‍....
എന്‍ നെഞ്ചിലെ പൂവാടിയില്‍
സ്നേഹത്തിന്‍ മൊട്ടുകള്‍ വിരിയുന്നുവോ....

ഇഴപൊട്ടിയകന്നുപോയോരരിയ ജന്മത്തിലെ
ഇടനെഞ്ചുടഞ്ഞു ഞാന്‍ കേണിടുമ്പോള്‍
മാനത്ത് നിന്ന് മഞ്ഞ് പൊഴിയുമ്പോല്‍
കുളിരലയായ് എന്നെ പുല്‍കിയോരു സൗഹൃദമെ..

നിന്നു ഞാനല്‍പ്പ മാത്രയില്‍ മെല്ലെ
നിന്‍ ശബ്ദ  ശബ്ദത്തിനായ്
കാതുകള്‍ അടഞ്ഞുവോ കാറ്റുകള്‍ കിലു
കിലാരവം പൊഴിച്ചതോ കേല്‍പ്പതില്ലയൊന്നുമേ‍

എന്‍റെ ഹൃദയ സരസ്സിലാമ്പല്‍ പൂവായ്  വിരിഞ്ഞു
ചേണുറ്റ  ചേറിലും അഴകോടെ ഉദിച്ചു നീ
തമസ്സിന്‍റെ നിഴലില്‍ ഉറച്ച് പോയ് ശോഭ
കെട്ടടങ്ങിയ എന്നിലെ ചൈതന്യമല്ലോ നീ

ഉഷസ്സുള്‍വലിഞ്ഞ സന്ധ്യയില്‍ ചക്രവാള സീമയില്‍
ഒഴുകിപ്പടര്‍ന്ന കുങ്കുമം നിന്‍ സീമന്ത രേഖയോ
സീമകള്‍ പിന്നിട്ട് തുടിയുണര്‍ത്തിയ
നിന്നിലെ രക്ത ശോണിമയാലഴകാര്‍ന്ന  തേജസ്സോ

മഴവില്ല് മായുന്ന മാനത്ത് മഴക്കാറ് പോലെ
നീയകലുന്ന മാത്രയില്‍ ഇരുള്‍ ചൂടി മനസ്സില്‍
കാളിമ ചൂടിയ മിഴികള്‍ നീയണയുന്ന മാത്രയില്‍
പുലരൊളിയാല്‍ തരളിതയാം താമരയിതളായ്

മണി അയ്യംപുഴhttps://www.facebook.com/manyraghavan.ayyampuzha.9